മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ - Benefits of Breast Milk

മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ

how to reduce preterm birth
പ്രീ-ടേം ജനനം എങ്ങനെ കുറയ്ക്കാം
May 10, 2023
male infertility treatments
Male Infertility Problems and Treatment Options
June 15, 2023
Benefits of Brest milk

മുലയൂട്ടൽ മാതൃത്വത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. കുഞ്ഞിനെ ഊട്ടുന്നു എന്നതിലുപരി മാതൃശിശു ബന്ധത്തിലും, അടുപ്പത്തിലും മുലയൂട്ടലിന് ഒരു വൈകാരികമായ സ്ഥാനം തന്നെയുണ്ട്.

എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ (59%) മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ എന്നാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ദേശീയ ശരാശരി 65 ശതമാനമാണ്.

മുലയൂട്ടൽ എന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. ഈ ബ്ലോഗിലൂടെ മുലയൂട്ടൽ കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാവുന്ന ഗുണങ്ങൾ ചർച്ച ചെയ്യാം.

Consult with doctorമുലപ്പാലിലെ പോഷകങ്ങൾ 

നവജാത ശിശുക്കളുടെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നത് മുലപ്പാലാണ്. ജനിച്ച 6 മാസം വരെ കുട്ടിക്ക് മറ്റൊരു ഭക്ഷണവും നൽകേണ്ടതില്ല എന്നാണ് പൊതുവെ പറയാറ്, കാരണം ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ മുഴുവൻ പോഷക ഗുണങ്ങളും മുലപ്പാലിൽ 

അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട്  തന്നെയാണിത്.

മുലപാലിൽ അടങ്ങിയ ലിപേസ് എന്ന എൻസൈം കൊഴുപ്പിനെ ചെറു കണങ്ങളാക്കി വിഘടിപ്പിക്കുകയും അത് വഴി കുഞ്ഞിന് ആവശ്യമായ ഊർജ്ജം നല്കുകയും ചെയ്യുന്നു. ഇതിന് പുറമെ കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, ഫോസ്ഫറസ്, അയേൺ തുടങ്ങിയ പോഷകങ്ങളും മുലപ്പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൂടാതെ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് കുഞ്ഞിന്റെ തലച്ചോറ്, റെറ്റിന എന്നിവയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. അങ്ങനെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു സമ്പൂർണ്ണ പോഷകാഹാരം തന്നെയാണ് മുലപ്പാൽ.

 

മുലയൂട്ടൽ –  എത്ര വയസ്സ് വരെ?

കുട്ടി ഉണ്ടായി 6 മാസക്കാലം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാൻ പാടില്ല എന്നാണ്, വെള്ളം പോലും! 

എന്നാൽ പല കാരണങ്ങൾ കൊണ്ടും അമ്മമാർ ഈ കാലയളവിൽ കുഞ്ഞിന് മുലപ്പാലിനൊപ്പം ബേബി ഫുഡും നൽകാറുണ്ട്. 6 മാസത്തിന് മുൻപ് മുലപ്പാൽ അല്ലാതെ നൽകുന്ന മറ്റേത് ആഹാരവും കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

6 മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ഖര ഭക്ഷണം കൊടുത്ത് തുടങ്ങാവുന്നതാണ്. എന്നാലും അപ്പോഴും മുലപ്പാൽ കൊടുക്കുന്നത് തുടരുന്നത് കുഞ്ഞിന് ഭാവിയിൽ വന്നേക്കാവുന്ന ക്യാൻസർ സാധ്യതകളിൽ നിന്നും രക്ഷിക്കാൻ സഹായിക്കും.

9 മാസം പ്രായമാകുമ്പോഴും ഖര ഭക്ഷണത്തോടൊപ്പം മുലപ്പാൽ കൂടെ നൽകുന്നത് കുഞ്ഞിന് സമ്പൂർണ്ണമായ പോഷണം ഉറപ്പു വരുത്താൻ സഹായിക്കുന്നു.

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റി ബോഡികൾ കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷിയെ വർധിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ 12 മാസം വരെ മുലയൂട്ടൽ തുടരുന്നത് കുഞ്ഞിന് ഭാവിയിൽ വന്നേക്കാവുന്ന ഹൃദ്രോഗം, വിവിധ തരം കാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ 18 മാസത്തിലും മുലയൂട്ടൽ തുടരുകയാണെങ്കിൽ അത് കുഞ്ഞിന് സമ്പൂർണ്ണ പോഷകം ഉറപ്പാക്കുകയും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.  

 

മുലയൂട്ടലിന്റെ ഗുണം – കുഞ്ഞിന് 

മുലപ്പാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അമൃത് തന്നെയാണ്. കുഞ്ഞിന്റെ പൂർണ്ണമായ ശാരീരിക മാനസിക വികാസത്തിന് മുലപ്പാൽ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. കുട്ടി ജനിച്ച ഉടനെ തന്നെ അമ്മ ചുരത്തുന്ന കൊളസ്ട്രം എന്ന പാൽ കുഞ്ഞിന്റെ ആദ്യത്തെ മലവിസർജനം നീക്കം ചെയ്യാനും കുഞ്ഞിന്റെ മൃദുവായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും, മാത്രമല്ല കൊളസ്ട്രത്തിന് കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുണ്ട്.

കുഞ്ഞിന് 4 മാസം പ്രായം ആവുമ്പോൾ ലഭിക്കുന്ന മുലപ്പാൽ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം (SIDS) നുള്ള  സാധ്യത  കുറയ്ക്കുന്നു. കൂടാതെ ആസ്തമയുടെ ദീർഘകാല അപകട സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്.

മുലയൂട്ടലിന്റെ ഗുണം – അമ്മയ്ക് 

മുലയൂട്ടലിലൂടെ കുഞ്ഞുങ്ങൾക്ക് മാത്രമല്ല അമ്മമാർക്കും ഒട്ടനേകം ഗുണങ്ങൾ ലഭിക്കുന്നു. മുലയൂട്ടൽ എന്നത് ആരോഗ്യപരമായി മാത്രമല്ല മാനസികമായും 

വൈകാരികമായും കൂടെ ഒരുപാട് പ്രാധാന്യമുള്ള ഒന്നാണ്. അമ്മയുടെ മാനസിക ഉല്ലാസത്തിനും അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വർധിക്കാനും മുലയൂട്ടൽ വളരെ സഹായകമാണ്.

മുലയൂട്ടൽ കൊണ്ടുള്ള ശാരീരികമായ  ഗുണങ്ങളും ഏറെയാണ്. പ്രസവ ശേഷം ഗർഭപാത്രം പഴയ അവസ്ഥയിലേക്ക് ചുരുങ്ങുന്നതിൽ മുലയൂട്ടലിന് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ പ്രസവ ശേഷമുള്ള രക്തസ്രാവം കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.

പ്രസവത്തിന് ശേഷം സ്വാഭാവികമായി ആർത്തവം നടക്കാൻ കാലതാമസം 

നേരിടാറുണ്ട്, എന്നാൽ മുലയൂട്ടൽ ആ കാലദൈർഖ്യം കുറയ്ക്കാനും അണ്ഡോല്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

പ്രസവ ശേഷം സ്ത്രീകളിൽ ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇങ്ങനെ പെട്ടെന്ന് വർധിക്കുന്ന ശരീരഭാരം ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. എന്നാൽ മുലയൂട്ടുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കും എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

കൂടാതെ മുലയൂട്ടൽ സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ വരാനുള്ള സാദ്ധ്യതകൾ കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു.

 

സംഗ്രഹം 

മുലയൂട്ടലിന് കുഞ്ഞിന് ആഹാരം നൽകുക എന്നതിലുപരിയായ് ഒരുപാട് പ്രാധാന്യമുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയല്ലോ. മുലപ്പാൽ എന്നത് കുഞ്ഞിന് സമ്പൂർണ്ണവും സമീകൃതവുമായ ഒരു ആഹാരം മാത്രമല്ല കുഞ്ഞിനെ ഭാവിയിൽ വരാൻ സാധ്യതയുള്ള നിരവധിയായ രോഗങ്ങളെ ചെറുക്കാൻ പ്രാപ്‌തരാക്കുന്ന ഒരു മികച്ച രോഗ പ്രതിരോധ സംവിധാനവും കൂടെയാണ്.

മുലപ്പാൽ കുഞ്ഞിന് എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് അമ്മമാർക്ക് മുലയൂട്ടൽ. മുലയൂട്ടുന്നത് കൊണ്ട് അമ്മയ്ക്ക്  മാനസികവും ശാരീരികവുമായി ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നു എന്നതിലുപരിയായി  അമ്മയും കുഞ്ഞും തമ്മിൽ ഉള്ള ആത്മബന്ധം വർധിക്കാനും അത് സഹായിക്കുന്നു. 

മുലപ്പാലിന്റെയും മുലയൂട്ടലിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും കുഞ്ഞിന് ആദ്യദിനം മുതൽ മുലപ്പാൽ കൃത്യമായി  നൽകേണ്ടതും എല്ലാ രക്ഷിതാക്കളുടെയും കടമയാണ്.

 

കൂടുതൽ വിവരങ്ങൾക്ക്  KJK ഹോസ്പിറ്റലുമായി  ബന്ധപ്പെടുക.

Feel free to contact us for appointments and queries.

Phone Numbers: 0471-2544080, 2544706

Email: [email protected]

Subscribe to KJK Hospital YouTube Channel for more informative videos on women’s health

Comments are closed.