Thyroid Disease in Pregnancy

ഗര്‍ഭകാലത്തെ തൈറോയ്ഡ് രോഗം

vaginal infections and their treatments
Common Types of Vaginal Infections and Their Treatments
January 28, 2023
how-to-reduce-labour-pain
പ്രസവവേദനയെ ഭയമാണോ? ഇനി പേടിക്കേണ്ട
February 27, 2023
thyroid disease in pregnancy

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇന്ന് പ്രായഭേദമന്യേ നമ്മുടെ ഇടയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തൈറോയ്ഡ് തകരാറുകൾ നിരവധി ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്, എന്നാൽ ഗർഭ കാലയളവിലുള്ള തൈറോയ്ഡ് തകരാറുകൾ അമ്മയ്ക്ക് മാത്രമല്ല ഗർഭസ്ഥശിശുവിനേയും ബാധിക്കാൻ സാധ്യതയുണ്ട്.

എന്താണ് തൈറോയ്ഡ് ഗ്രന്ഥി? എന്താണ് അവയിൽ വരുന്ന തകരാറുകൾ? അത് എങ്ങനെയാണ് ഗർഭാവസ്ഥയെ ബാധിക്കുന്നത്? എന്താണ് അതിനുള്ള പ്രതിവിധികൾ? എന്നിവയെക്കുറിച്ചെല്ലാം അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.

Consult with doctor

എന്താണ് തൈറോയ്ഡ് ഗ്രന്ഥി?

കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു  ഗ്രന്ഥിയാണ് തൈറോയിഡ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹോര്‍മോണുകള്‍ നിര്‍മ്മിക്കുകയാണ് ഇതിന്റെ ധര്‍മ്മം. തൈറോയ്ഡ് ഹോർമോണിന്റെ നിയന്ത്രിതമായ അളവിൽ നിന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ തൈറോയ്ഡിസത്തെ ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

 Also read : പ്രസവം നിർത്തിയാലും ഗർഭിണിയാകാൻ സാധ്യതയുണ്ടോ?

ഹൈപ്പോ തൈറോയ്ഡിസം

അയഡിന്റെ കുറവ് കൊണ്ടും തൈറോയിഡൈറ്റിസ് (Thyroditis) കൊണ്ടും തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാവുമ്പോൾ അത് ശരീരത്തിനാവശ്യമുള്ളതിലും  വളരെ കുറച്ചു ഹോർമോൺ മാത്രം പുറപ്പെടുവിക്കും ഈ അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം.

ഏകദേശം 2-3% ഗർഭിണികൾക്ക് ഹൈപ്പോ തൈറോയിഡിസം വരാനുള്ള സാധ്യതയുണ്ട്. ഹൈപ്പോ തൈറോയ്ഡിസം തുടർച്ചയായ ഗർഭഛിദ്രങ്ങൾ, വിളർച്ച, ഗർഭകാല രക്തസമ്മർദ്ദം, അമിതമായ ചർദ്ദി, പ്രസവാനന്തര അമിത രക്ത സ്രാവം എന്നിവയക്ക് കാരണമാകാറുണ്ട്. ഇവയ്ക്ക് പുറമെ കുഞ്ഞിന് വളർച്ചകുറവ്, തൂക്ക കുറവ്, മാസം തികയാതെ പ്രസവിക്കൽ, ശ്വാസം മുട്ടൽ തുടങ്ങി ബുദ്ധി മാന്ദ്യത്തിന് വരെ കാരണമാകാവുന്ന Cretinism എന്ന രോഗാവസ്ഥ വരെ ഇത് മൂലം സംഭവിക്കാൻ സാധ്യതയുണ്ട്. 

എന്നാൽ ഗർഭകാലത്തിന് മുൻപേ തന്നെ തൈറോയ്ഡ് നിയന്ത്രണ വിധേയമാക്കിയാൽ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷനേടാൻ സാധിക്കുന്നതാണ്. തൈറോയ്ഡ് ഹോർമോൺ ഗുളികകൾ മാത്രമാണ് ഈ അവസ്ഥയ്ക്കുള്ള ഒരേയൊരു പ്രതിവിധി. ഗർഭിണികളിൽ TSH ഹോർമോൺ നില 2.5ൽ താഴെയായിരിക്കണം. ഗർഭകാലത്ത് ഒന്നരമാസം കൂടുമ്പോൾ രക്തപരിശോധന നടത്തി ഇത് ഉറപ്പുവരുത്തേണ്ടതും  അത്യാവശ്യമാണ്.

 

Read more: ഗർഭകാലത്ത് അനോമലി സ്കാനിംഗ് ആവശ്യമാണോ?

ചികിത്സ 

ഹൈപ്പോതൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്കായി നല്‍കുന്നത് തൈറോയ്ഡ്ഗ്രന്ഥിയില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ടി 4 അഥവാ തൈറോക്‌സിന്‍ തന്നെയാണ്. നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം എത്രമാത്രം കുറവാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ നിങ്ങൾക്കുള്ള മരുന്നും അതിന്റെ ഡോസേജുകളും  ക്രമീകരിക്കുക. ഈ മരുന്നുകൾ പൊതുവെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമാണ്. ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്ന് കൃത്യമായ അളവിൽ കഴിക്കുന്നത് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും .

ചില ആളുകളിൽ  ഹൈപ്പർ തൈറോയിഡിസം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും നിർദേശിക്കുന്ന അളവിൽ മരുന്നുകൾ ജീവിതകാലം മുഴുവനും കഴിക്കേണ്ടതായി വരാം.

 

ഹൈപ്പർ തൈറോയ്ഡിസം 

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുകയും അതുമൂലം ശരീരത്തിനാവശ്യമുള്ളതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.

ഹൈപ്പർ തൈറോയ്ഡിസത്തിന്റെ പല ലക്ഷണങ്ങളും സ്ത്രീകളിൽ ഗർഭ കാലയളവിലുണ്ടാവുന്ന സാധാരണ ലക്ഷണങ്ങളുമായി വളരെയധികം സാമ്യമുള്ളവയാണ്, അതിനാൽ തന്നെ പലപ്പോഴും ഗർഭ കാലയളവിലെ ഹൈപ്പർ തൈറോയ്ഡിസം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.

ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, അമിതമായ ദേഷ്യം, ഉത്കണഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഭാരനഷ്ടം, വിറയ്ക്കുന്ന കൈകള്‍ എന്നിവയാണ് ഹൈപ്പർ തൈറോയ്ഡിസത്തിന്റെ സാധാരണ കാണപ്പെടാറുള്ള ലക്ഷണങ്ങൾ. ഗർഭ കാലത്ത് അമിതമായ ഛർദ്ദി, ഓക്കാനം എന്നിവയും ഇതിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്.

കൂടുതലായും ഹൈപ്പർ തൈറോയ്ഡിസത്തിന് കാരണമാകുന്നത്  തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന ചെറിയ മുഴകൾ, തൈറോയിഡൈറ്റിസ്, ഗ്രേവ്‌സ് ഡിസീസ് എന്ന രോഗം, ഇതൊക്കെയാണ്. 

ഏകദേശം 0.2 – 0.4 % ഗർഭിണികളിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട് 

ഹൈപ്പർ തൈറോയ്ഡിസം ഗർഭം അലസൽ, കുഞ്ഞിന്റെ തൂക്ക കുറവ്, ബുദ്ധി കുറവ്, പ്രീക്ലാംപ്‌സിയ (ഗര്‍ഭാവസ്ഥയിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദ വൈകല്യം), ഹൃദയ സ്തംഭനം, തുടങ്ങി പ്രസവത്തിൽ കുഞ്ഞ് മരണപ്പെടുന്നതിന് വരെ കാരണമാവാൻ സാധ്യതയുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് രോഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാവുന്നതാണ്.

 

ചികിത്സ 

ഗർഭത്തിന്റെ ആദ്യ കാലങ്ങളിൽ ഉപയോഗിക്കാൻ ഫലപ്രദവും ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യാത്തതുമായ PTU എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും തുടർന്നുള്ള മാസങ്ങളിൽ Methimazole, Carbimazole തുടങ്ങിയ മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സകൾ ലഭ്യമാണ്. നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനവും നിങ്ങളുടെ ട്രൈമെസ്റ്ററുകളും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡോകടർ മരുന്നുകൾ നിർദേശിക്കുക. അവ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം തടയുകയും ഹോർമോൺ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

എന്നാൽ ചില അപൂർവ സന്ദർഭങ്ങളിൽ മരുന്നുകൾ ഫലപ്രദമാവാതിരിക്കുകയോ കഠിനമായ പാർശ്വ ഫലങ്ങൾ ഉണ്ടാവുകയോ ചെയ്യാറുണ്ട് അത്തരം സാഹചര്യങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളാണ്  പ്രതിവിധി.

സംഗ്രഹം 

തൈറോയ്ഡ് അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന രോഗമാണ് തൈറോയ്ഡ്. ഇത് ഹൈപ്പോയാകാം, ഹൈപ്പറുമാകാം; ഗർഭാവസ്ഥയിൽ ഇത് കുറേക്കൂടി അപകടകരമാണ്.

സ്ത്രീ ശരീരത്തിലെ ഹോർമോണുകൾക്ക് ഗർഭാവസ്ഥയിലെ ആരോഗ്യത്തിലും പ്രസവത്തിലും നിർണ്ണായകമായ പങ്കാണുള്ളത്. അത് കൊണ്ട് തന്നെ ഹോർമോൺ അസന്തുലിതാവസ്ഥ ഇതിനെ പ്രതികൂലമായി ബാധിക്കാൻ  സാധ്യതയേറെയാണ്. ഇത് ഓവുലേഷൻ പ്രക്രിയയെ ബാധിക്കാനും ഗർഭധാരണത്തിന് തന്നെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

അനിയന്ത്രിതമായ ഹൈപ്പോതൈറോയ്ഡ് അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഹാഷിമോട്ടോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം കാരണമാണ് തൈറോയ്ഡ് ഉണ്ടായതെങ്കില്‍. 

ഗർഭകാലത്ത് ഭ്രൂണത്തിനാവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ലഭ്യമായില്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനും ചിലപ്പോൾ ഗർഭഛിദ്രം സംഭവിക്കാനും സാധ്യതയേറെയാണ്.

എന്നാൽ തൈറോയ്ഡ് രോഗമുള്ളവർക്ക് ഒരിക്കലും ഗർഭം ധരിക്കാനോ പ്രസവിക്കാനോ സാധിക്കില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. 

കൃത്യമായ സമയത്തുള്ള രോഗ നിർണ്ണയവും ചികിത്സയും നേടിയാൽ തൈറോയഡ് ഉള്ളവർക്കും  ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാൻ സാധിക്കും. ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്നുകളും ഭക്ഷണ രീതിയും പിന്തുടരുകയും ഗർഭകാലത്ത് TSH  ഹോര്‍മോണ്‍ തോത് 2.5-3 വരെ നില നിര്‍ത്തിക്കൊണ്ടു പോകുന്നതും വഴി ഒരു സാധാരണ രീതിയിലുള്ള ഗർഭധാരണവും പ്രസവവും തീർച്ചയായും സാധ്യമാണ്!

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.

Phone Numbers: 0471-2544080, 2544706

 

Comments are closed.